Sunday, October 12, 2008

ഒരഭ്യര്‍ഥന; ഖേദപൂര്‍വം...

മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാര്‍ക്ക് കേരളീയ പൊതുസമൂഹത്തില്‍ വേറിട്ടൊരു അസ്തിത്വമുണ്ട്. കെ.പി കേശവമേനോനും എന്‍.വി കൃഷ്ണവാരിയരും എം.ടി വാസുദേവന്‍നായരും മുതല്‍ എം.ഡി നാലപ്പാടും കെ.സി നാരായണനും അടക്കമുള്ള ചില പേരുകള്‍ പെട്ടെന്നോര്‍ക്കാന്‍ കഴിയുന്നത് ഈയൊരു ഐഡന്റിറ്റി മൂലമാണ്. മനോരമയടക്കം മലയാളത്തിലെ മറ്റൊരു പ്രസിദ്ധീകരണത്തില്‍ നിന്നും സമീപ ഭൂതകാലത്ത് ഇത്തരത്തില്‍ ചില പേരുകള്‍ ഓര്‍ത്തെടുക്കാനാവില്ല, കലാകൌമുദിയുടെ (പഴയ) എസ്. ജയചന്ദ്രന്‍ നായരെ ഒഴിച്ചുനിര്‍ത്തിയാല്‍.
എഡിറ്റര്‍മാരുടെ കാലം പോയി, എഡിറ്റര്‍ഷിപ്പ് എന്നത് ഇന്ന് മാര്‍ക്കറ്റിംഗ്/സര്‍ക്കുലേഷന്‍ മാനേജുമെന്റുകളുടെ വിജയകരമായ നടത്തിപ്പിനുള്ള ഒരുപാധി മാത്രമാണ്. അങ്ങനെയാണ് കെ.പി കേശവമേനോന്‍ ഒപ്പിട്ടിരുന്നിടത്ത് പി.വി ചന്ദ്രന് ഒപ്പിടാനാകുന്നത്. പക്ഷേ അപ്പോഴും മാതൃഭൂമി പാരമ്പര്യം കാത്തു; വേറിട്ടൊരു മാനേജിംഗ് ഡയറക്ടര്‍.
സോഷ്യലിസ്റ്റും ഇടതുപക്ഷവും പ്രായോഗിക രാഷ്ട്രീയക്കാരനും വായനക്കാരനും ബുദ്ധിജീവിയും എഴുത്തുകാരനുമൊക്കെ എം.ഡി. ന്യൂസ്പ്രിന്റിനുവേണ്ടി വെട്ടിമുറിക്കപ്പെടുന്ന കാടുകളെക്കുറിച്ചോര്‍ത്ത് വേദനിക്കുന്ന മനസ്സോടെയാകും അദ്ദേഹം പത്രത്തിന്റെ സര്‍ക്കുലേഷന്‍ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ടൈംസ് ഓഫ് ഇന്ത്യ എന്ന ഹിഡുംബന്‍ മാതൃഭൂമിയെ വിഴുങ്ങാന്‍ വന്നപ്പോള്‍ ഭീമസേനനായി അവതരിച്ചു അദ്ദേഹം. മാതൃഭൂമിക്ക് ഇന്നുള്ള അസ്തിത്വത്തിന്റെ ചെറുതല്ലാത്ത പങ്ക് അതിന്റെ മാനേജിംഗ് ഡയറക്ടറായ എം.പി വീരേന്ദ്രകുമാറിനും അവകാശപ്പെട്ടതാണ്. മാതൃഭൂമിയുടെ മതേതര/ജനാധിപത്യ മുഖം കളങ്കപ്പെടാതെ സംരക്ഷിക്കാനും വിശ്വാസ്യത ബലി കഴിക്കാതെ വിപണിയില്‍ മുന്നേറാനും വീരേന്ദ്രകുമാറിന്റെ ഇടപെടല്‍ കാര്യമായ പങ്കു വഹിക്കുന്നു. അദ്ദേഹവുമായുള്ള യോജിപ്പ് ഇവിടെ അവസാനിക്കുന്നു.

മാതൃഭൂമി എന്ന സംവിധാനത്തെയാകെ, എഴുത്തുകാരന്‍/ബുദ്ധിജീവി/സാഹിത്യകാരന്‍ എന്ന തന്റെ വ്യാജസ്വത്വനിര്‍മിതിക്കായി എം.പി വീരേന്ദ്രകുമാര്‍ ഉപയോഗിച്ചുവരുന്നു. അതും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നതെന്ന് പ്രചരിപ്പിക്കപ്പെടുന്ന മൂല്യങ്ങളെയെല്ലാം ബലി കഴിച്ച്, എം.ഡി എന്ന അധികാര ഫാസിസത്തിന്റെ ഹീനവും വൃത്തികെട്ടതുമായ പ്രയോഗത്തിലൂടെ.
കഴിഞ്ഞദശകം കൊണ്ട് മാതൃഭൂമിയെ വ്യഭിചരിച്ച്, എം.പി വീരേന്ദ്രകുമാര്‍ സൃഷ്ടിച്ചെടുത്ത 'എഴുത്തുകാര'നെന്ന ജാരസന്തതിയുടെ ജനിതകം പരിശോധിച്ചു നോക്കൂ. മൌലികതയുള്ള ഒരൊറ്റ കൃതിയോ ലേഖനമോ എം.പി വീരേന്ദ്രകുമാര്‍ എഴുതിയിട്ടില്ല. 'ഗാട്ടും കാണാച്ചരടുകളും', 'ബുദ്ധന്റെ ചിരി', 'ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം', 'രാമന്റെ ദുഃഖം' തുടങ്ങി മാതൃഭൂമി ബുക്സ് അനേക എഡിഷനുകളിലായി വയറിളകി തൂറിവെച്ച കോടിക്കണക്കിന് കോപ്പികളുടെ പേജുകള്‍ തോറും പരതിനോക്കൂ, ആനുകാലികമായ പ്രതികരണോന്മുഖതയല്ലാതെ ഒരു കൃതി മുന്നോട്ടുവെക്കേണ്ട മൌലികമായ കണ്ടെത്തലുകളോ ആശയ സമീപനങ്ങളോ ഒന്നും ഇവയിലില്ല. മാത്രമല്ല, വിഢിപത്രപ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ ഗുണമായ വൃഥാസ്ഥൂലതയും പര കൃതി/ആശയ പ്രവേശങ്ങള്‍കൊണ്ടും അസഹ്യമാണ് ഇവ. ഒരൊറ്റ മലയാളിയുടെയും ഗൌരവവായനയിലൊരിടത്തും ഇദ്ദേഹത്തിന്റെ ഒരൊറ്റ കൃതിയും എന്തിന് ഒരു ലേഖനം പോലും ഇല്ലാത്തത് അതുകൊണ്ടാണ്.

വയലാര്‍ അവാര്‍ഡ് നേടിയ 'ഹൈമവതഭൂവില്‍' എന്ന യാത്രാവിവരണത്തിന്റെ സ്ഥിതിയും ഭിന്നമല്ല. ഒരു എഡിറ്ററുടെ അവിദഗ്ധമായ എഡിറ്റര്‍ഷിപ്പിനാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട് തുന്നക്കെട്ടപ്പെട്ട ലേഖന സമാഹാരം. യാത്ര ഒരാള്‍, ആശയം ഒരാള്‍, എഴുത്ത് മറ്റൊരാള്‍ എന്ന മട്ടില്‍ ഒന്നിലേറെ എഴുത്തുകാരുടെ പലതരം ശൈലികളാല്‍ 'സമൃദ്ധ'മാണ് ഈ കൃതി. ഉള്ളടക്കമോ? ഭാരതീയ പുരാണങ്ങളും ഇതിഹാസങ്ങളും കാവ്യങ്ങളും ഐതിഹ്യകഥകളും അതേപടി എടുത്തുദ്ധരിച്ച് ഹിമാലയം എന്ന പച്ചയായ പ്രകൃതിയെ മനുഷ്യാതീതമായ അധിഭൌതികതയിലേക്ക് പ്രതിഷ്ഠിക്കുന്ന മനുഷ്യവിരുദ്ധകൃതി. ഹിമാലയത്തെ ഹിന്ദുദേവതാസങ്കല്‍പത്തിന്റെ യാഥാര്‍ഥ്യഭൂമിയാക്കി മാറ്റി ആത്മീയതാ ടൂറിസത്തിന് വളമേകുന്ന നവ ആത്മീയ വിപണിയുടെ, ഈയിടെയിറങ്ങിയ പലതരം പാഠപുസ്തകങ്ങളിലൊന്നുമാത്രം. ഇക്കാര്യങ്ങളെല്ലാം വായനക്കാര്‍ക്ക് നേരിട്ട് അനുഭവിക്കാവുന്നവ.

ഈ വ്യാജപാണ്ഡിത്യത്തിന് സര്‍വസ്വീകാര്യത നേടിക്കൊടുക്കാന്‍ വീരേന്ദ്രകുമാര്‍ ചെയ്യുന്ന കായികാധ്വാനത്തിന്റെ അളവ്, ബുദ്ധിപരമായ പ്രയത്നത്തേക്കാള്‍ എത്രയോ ഇരട്ടിയാണ്.
എം.പി വീരേന്ദ്രകുമാറിന്റെ ലേഖനങ്ങള്‍ എന്തുകൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിലും വാരാന്ത്യപ്പതിപ്പിലും മാത്രം അച്ചടിച്ചുവരുന്നു? പുസ്തകം മാതൃഭൂമി ബുക്സ് മാത്രം പ്രസിദ്ധീകരിക്കുന്നു? ഇത്ര വായനക്കാരും നിലവാരവുമുള്ള രചനകള്‍ മറ്റ് പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടാത്ത് എന്തുകൊണ്ട്?
സ്ഥാപനത്തിന്റെ എം.ഡി എന്ന നിലക്കുള്ള അധികാര ദുര്‍വിനിയോഗത്തിലൂടെ തന്റെ കീഴിലുള്ള എഡിറ്റര്‍മാരെ ഉപയോഗപ്പെടുത്തുകയാണ് വീരേന്ദ്രകുമാര്‍. ഈ എഡിറ്റര്‍മാര്‍ക്കാകട്ടെ വയറ്റുപ്പിഴപ്പിനായി നിര്‍ലജ്ജം വഴങ്ങേണ്ടിയും വരുന്നു. മാറ്ററിന്റെ നിലവാരം മാത്രം പരിഗണിക്കുന്ന ന്യായയുക്തമായ മറ്റൊരു (പ്രസിദ്ധീകരണത്തിലെ) എഡിറ്റര്‍ഷിപ്പിന് തന്റെ രചനകളെ വിധേയമാക്കാനുള്ള വീരേന്ദ്രകുമാറിന്റെ പേടിയും ഇതിലടങ്ങിയിരിക്കുന്നു. മനോരമയോ മാധ്യമമോ വീരേന്ദ്രകുമാറിന്റെ ലേഖനം തീര്‍ച്ചയായും തിരിച്ചയക്കില്ല. പ്രസിദ്ധീകരിക്കുന്നത് പക്ഷേ, മാധ്യമങ്ങള്‍ തമ്മിലുള്ള മലീമസമായ ഒത്തുകളിയിലൂടെയാകും, മാതൃഭൂമി എം.ഡി എന്ന നിലയിലുള്ള ഇദ്ദേഹത്തിന്റെ സ്ഥാനം പരിഗണിച്ചുമാത്രം.
മുതലാളിയുടെ എച്ചില്‍നക്കികളെ പരിഗണിക്കേണ്ടതില്ലെങ്കിലും കമല്‍ റാം സജീവ് (ആഴ്ചപ്പതിപ്പ്), ഡോ.കെ ശ്രീകുമാര്‍ (വാരാന്ത്യപ്പതിപ്പ്), ഒ.കെ ജോണി (മാതൃഭൂമി ബുക്സ്) എന്നിവരുടെ വ്യഭിചാര പങ്കാളിത്തം കൂടി വെളിച്ചത്തുകൊണ്ടുവരേണ്ടതുണ്ട്. ഇവരില്‍ അവസാനത്തെ രണ്ടുപേര്‍ക്ക് എഡിറ്ററെന്ന നിലയ്ക്കുള്ള ധീരമായ ഭൂതഭാണ്ഡങ്ങളില്ല, ഏതൊരു ചീഫ് സബ് എഡിറ്ററും ചെയ്യുന്നത് അവരും ചെയ്യുന്നു. എന്നാല്‍ മാഗസിന്‍ ജേണലിസത്തിലെ 'പുലിജന്മ'മാണ് കമല്‍ റാം സജീവിന്റേത്. ഇപ്പോള്‍ പിറന്നുവീഴുന്ന റെഡ്ഫ്ലാഗ് കുട്ടികള്‍ക്ക് സഖാവ് വര്‍ഗീസ് ആരാണോ അതുപോലെയാണ് ജേണലിസക്കുരുന്നുകള്‍ക്ക് ഇയാള്‍. ആ പുലി ഇന്നിതാ ഏതു കാലിലും നക്കുന്ന മാര്‍ജാരനായി ചേറൂട്ടി റോഡരികില്‍ കിടക്കുന്നു.
എം.ഡിയെ ഒരെഴുത്തുകാരനാക്കി മാറ്റിയ കൂട്ടുകച്ചവടത്തില്‍ കമല്‍ റാം സജീവിന് ഒട്ടേറെ നേട്ടങ്ങളുണ്ടായിട്ടുണ്ടാകാം. പക്ഷേ അതിന് വായനക്കാര്‍ക്ക് നല്‍കേണ്ടിവന്ന വില ഏറെയാണ്. മാധ്യമം ആഴ്ചപ്പതിപ്പിന്റെ ആദ്യലക്കങ്ങള്‍ കെ.പി രാമനുണ്ണി എന്ന എട്ടും പൊട്ടും തിരിയാത്ത എഡിറ്ററുടെ ആമാശയത്തില്‍ കിടന്ന് വളിവിട്ടുകൊണ്ടിരുന്ന സമയത്താണ് കമല്‍ റാം സജീവ് അതിന്റെ ചുമതല ഏറ്റെടുക്കുന്നത്. മറ്റൊരു ഇസ്ലാമിക വാരികയായി മാധ്യമവും പരിണമിച്ചുപോകുന്നതിനെ ചെറുക്കുകയും ഈ കാലഘട്ടത്തിലെ ഏറ്റവും പുരോഗമനപരമായ ഉള്ളടക്കം സാധ്യമാക്കുകയും ചെയ്ത എഡിറ്റര്‍. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഏഴു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശ്രദ്ധേയമായ അഴിച്ചുപണി ഇദ്ദേഹം നടത്തിയത് എന്തിനാണ്? എം.ഡിയുടേതായി എഴുതപ്പെടുന്ന ലേഖനങ്ങളും എം.ഡിക്കുവേണ്ടി എഴുതപ്പെടുന്ന ലേഖനങ്ങളും പ്രസിദ്ധീകരിക്കാം എന്ന ഒരുറപ്പിലായിരുന്നുവോ ഈ ഇളക്കി പ്രതിഷ്ഠ എന്നിപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു, ഇവരുടെ കൂട്ടുകച്ചവടം കാണുമ്പോള്‍. എം.പി വീരേന്ദ്രകുമാറിന്റെ ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുന്നതിന്റെ മാനദണ്ഡം എന്തെന്ന് കമല്‍ റാം സജീവ് സ്വകാര്യമായെങ്കിലും ആലോചിക്കുന്നത് നന്ന്. 'ഉദരനിമിത്തം' എന്നായിരിക്കും കിട്ടുന്ന മറുപടി.

മലയാളത്തില്‍ ഗൌരവകരമായ വായനക്കുള്ള പുസ്തങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് മാതൃഭൂമി ബുക്സ്. ഒരു ദശകമായി എം.ഡിയുടെ പുസ്തകങ്ങള്‍ മാത്രം പ്രിന്റുചെയ്യാനാണ് അവിടുത്തെ പ്രസ് ചലിക്കുന്നത്. മാസക്കണക്കിനെന്നോണം എഡിഷനുകള്‍ ഛര്‍ദ്ദിച്ചുകൂട്ടി ബ്രാന്റ് നെയിമുപയോഗിച്ച് എം.ഡിയുടെ പുസ്തങ്ങള്‍ക്കുവേണ്ടി വ്യാജവിപണി സൃഷ്ടിച്ചുകൊണ്ടിരിക്കേണ്ട ഗതികേട്.
മാതൃഭൂമി പത്രത്തിന്റെയും ബുക്സിന്റെയും മാര്‍ക്കറ്റിംഗ് വിഭാഗം ഈ കൂട്ടുകച്ചവടത്തില്‍ എന്തു ചെയ്യുന്നു? ആഴ്ചപ്പതിപ്പിന്റെ അകംകവറുകളില്‍ ഈയൊരു പുസ്തകത്തിന്റെ പരസ്യങ്ങള്‍ മാത്രം വന്നുകൊണ്ടിരിക്കുന്നു മാസങ്ങളായി. വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചതിന്റെ തലേന്ന്, ഒക്ടോബര്‍ എട്ടിന്, മാതൃഭൂമി പത്രത്തിന്റെ 12ാം പേജില്‍ ക്ലാസിഫൈഡ്സ് പരസ്യങ്ങള്‍ക്കു നടുവില്‍ 'ഓര്‍മയില്‍ ഒരു നിമിഷം' എന്ന സ്ലഗില്‍ ഈ പുസ്തകത്തില്‍ നിന്നുള്ള ഒരു കുറിപ്പ് വീരേന്ദ്രകുമാറിന്റെ ഫോട്ടോക്കൊപ്പം എടുത്തുകൊടുത്തിരിക്കുന്നു. ഒടുവില്‍ ഇങ്ങനെയും: ''പത്തുമാസത്തിനകം 11 പതിപ്പുകള്‍ വിറ്റഴിഞ്ഞ 'ഹൈമവതഭൂവില്‍' എന്ന വിഖ്യാത ഗ്രന്ഥത്തില്‍ നിന്ന്''.
ഒരു മനുഷ്യജീവിക്ക് ഇത്ര അധഃപ്പതിക്കാനാകുമോ?
മാതൃഭൂമി ബുക്സില്‍ എത്രയോ എഴുത്തുകാരുടെ പുസ്തകങ്ങള്‍ അച്ചടിക്കുന്നുണ്ട്, പക്ഷേ അവ എവിടെ വാങ്ങാന്‍ കിട്ടും? ഈയൊരു 'ഹൈമവതഭൂവില്‍' അല്ലാതെ. അവയെക്കുറിച്ചുള്ള അറിയിപ്പ് എവിടെയുണ്ട്? റിവ്യൂ എവിടെ വായിക്കാനാകും? ഈയൊരു 'ഹൈമവതഭൂവി'ന്റേതല്ലാതെ? രവീന്ദ്രന്റെ മികച്ച മൂന്നോ നാലോ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ മാതൃഭൂമി ബുക്സ് ഈയിടെ പുറത്തിറക്കി. വായനക്കാരാരും അറിഞ്ഞതേയില്ല. ഇപ്പോള്‍ 'എന്റെ കേരളം' എന്ന സഞ്ചാരകൃതി പ്രസിദ്ധീകരിച്ചിരുക്കുന്നു. പരസ്യം പോലുമില്ല. എം.ഡിയുടെ കൃതിക്കുവേണ്ടിയുള്ള ബുള്‍ഡോസിംഗില്‍ രവീന്ദ്രനടക്കമുള്ള മികച്ച എഴുത്തുകാര്‍ നിരന്തരം ഹിംസിക്കപ്പെടുന്നു.

ഇനി എഴുത്തുകാരന്‍ തന്നെ സ്വന്തം കായികബലമുപയോഗിച്ച് ചെയ്യുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലേക്ക് വന്നാലോ. കേരളത്തിലെ എഴുത്തുകാര്‍ക്കിടയിലെ ഏറ്റവും മലീമസമായ 'മാമാപ്പണി' വെളിച്ചത്തുവരും.
ഇത്തവണ വയലാര്‍ അവാര്‍ഡ് നിര്‍ണയിച്ചത് എം.മുകുന്ദന്‍, സി. രാധാകൃഷ്ണന്‍, എന്‍.പി ഹാഫിസ് മുഹമ്മദ് എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റയാണ്. ജഡ്ജിംഗ് കമ്മിറ്റിയോഗത്തിലെ അധ്യക്ഷന്‍ എം.കെ സാനുവും. ഇവരില്‍ എം.മുകുന്ദന്‍ മാതൃഭൂമി പുരസ്കാരത്താലും സി.രാധാകൃഷ്ണന്‍ പത്മപ്രഭാ പുരസ്കാരത്താലും എം.പി വീരേന്ദ്രകുമാറിനാല്‍ സമ്മാനിതരായവരാണ്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തന്നെ. മൌലികതയില്ലാത്ത ഒരു യാത്രാവിവരണകൃതിക്ക് വയലാര്‍ അവാര്‍ഡ് നല്‍കാന്‍ ഇവര്‍ തീരുമാനിക്കുമ്പോള്‍, അവര്‍ക്ക്, സമ്മാനിതനാകുന്ന എഴുത്തുകാരനില്‍ നിന്ന് ലഭിച്ച ഇവ്വിധമായ 'നേട്ട'ങ്ങളെയും പരിഗണിക്കേണ്ടിവരുന്നു. വയലാര്‍ അവാര്‍ഡ് നിര്‍ണയ സമിതിയിലെത്താന്‍ അര്‍ഹരാണ് ഇവരില്‍ രണ്ടുപേര്‍ എങ്കിലും, കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ പത്മപ്രഭ/മാതൃഭൂമി പുരസ്കാരങ്ങളും ഇത്തവണത്തെ വയലാര്‍ അവാര്‍ഡ് ജഡ്ജിംഗ് കമ്മിറ്റിയുടെ രൂപീകരണവും, അവാര്‍ഡ് ജേതാവും ഇവരും തമ്മിലുള്ള ബന്ധവും നിരവധി ദുരൂഹതകളുയര്‍ത്തുന്നു.

വയലാര്‍ അവാര്‍ഡിലേക്കുള്ള ഈ കൃതിയുടെ വളര്‍ച്ച എങ്ങനെയായിരുന്നു?
പുസ്തകമായി പ്രസിദ്ധീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഈയൊരൊറ്റ കൃതിയെക്കുറിച്ചുമാത്രം മൂന്ന് പ്രകീര്‍ത്തനലേഖനങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിപ്പിച്ചു, ഇതോടൊപ്പം വാരാന്ത്യപ്പതിപ്പിലും അരങ്ങേറ്റം നടന്നു. ഇതു കൂടാതെ ജില്ലാ ആസ്ഥാനങ്ങളില്‍ പുസ്തച്ചര്‍ച്ചകള്‍. കെ.പി ശങ്കരന്മാരും സച്ചിദാനന്ദന്‍മാരും മുകുന്ദന്‍മാരുമൊക്കെതന്നെയായിരുന്നു ഈ കൃതിയെ വിശ്വോത്തരമെന്ന് വാഴ്ത്തി നടന്നതും അവ ലേഖനങ്ങളായി പ്രസിദ്ധീകരിച്ചതും. പത്മപ്രഭ/മാതൃഭൂമി പുരസ്കാരിതരായ ടീമിനെ മൊത്തമായിത്തന്നെ ഈ കച്ചവടത്തിനിറക്കി, ഏറ്റവും പുതിയ ലക്കം ഭാഷാപോഷിണിയില്‍ പി.വല്‍സലയുടെ 'ഹൈമവതഭൂവില്‍' ലേഖനം വരെയെത്തിനില്‍ക്കുന്ന ആ യാത്ര. മാതൃഭൂമിയെച്ചൊല്ലി ഉദരജീവിതം നയിക്കുന്ന എഴുത്തുകാരാണ് 'ഹൈമവതഭൂവി'നുവേണ്ടി മുന്നിട്ടിറങ്ങിയത്. ഇത്തരത്തില്‍ എം.ഡി സംഘടിപ്പിച്ച ജില്ലാതല പ്രകീര്‍ത്തന യോഗങ്ങളില്‍ സ്ഖലിച്ചും എഴുതിയും നാടുനീളെ ഓടിനടന്നവര്‍ക്കുതന്നെയാണ് വയലാര്‍ അവാര്‍ഡ് നിര്‍ണയ സമിതി ഈ കൃതി, അവാര്‍ഡിന് അര്‍ഹമാണോ എന്നു ചോദിച്ച് അയച്ചുകൊടുത്തത്. എന്തൊരു ഹീനമായ ഗൂഢാലോചന. എം.ഡി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് ''അഹോ ഈ കൃതി മഹത്തരം'' എന്ന് എട്ടു കോളത്തില്‍ വാഴ്ത്തിയ അതേ എം.കെ സാനു ജഡ്ജിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായി വരുന്നു. എന്തൊരു ഹീനമായ അട്ടിമറി.
ഈ കൃതിയും കൃതിയെക്കുറിച്ച പ്രമുഖരുടെ വാഴ്ത്തും വായിച്ചുകഴിയുമ്പോള്‍ കൂട്ടുകച്ചവടം കൂടുതല്‍ തെളിഞ്ഞുവരുന്നു. ഒരു വ്യാജസൃഷ്ടിക്കുവേണ്ടി എങ്ങനെ ഇത്ര വിപുലമായ അടിമച്ചന്ത തുടങ്ങാനായി മാതൃഭൂമിയെന്ന ഒരൊറ്റ ബ്രാന്‍ഡ് നെയിം ഉപയോഗിച്ച്? അത് നല്‍കുന്ന ഇരിപ്പിടത്തിനും സ്ഥാനമാനങ്ങള്‍ക്കും അംഗീകാര/പുരസ്കാരങ്ങള്‍ക്കും, ലജ്ജാകരമായ പ്രതിഫലങ്ങള്‍ക്കും വേണ്ടി മാത്രം.
മാത്രമല്ല, കേരളത്തില്‍ ഏതൊരു അവാര്‍ഡ് കമ്മിറ്റിയിലും, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡടക്കം, വരാന്‍ സാധ്യതയുള്ള എഴുത്തുകാരെ മുഴുവന്‍ വിലക്കെടുത്തുകൊണ്ടുള്ള കളി കൂടിയാണിത്.

അനര്‍ഹര്‍ക്കും പൈങ്കിളികള്‍ക്കും പെരുമ്പടവത്തിനുമൊക്കെ വയലാര്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. അതിനേക്കാള്‍ വലിയ പാതകമാണ് ഒരു വ്യാജന് അവാര്‍ഡ് കൊടുക്കുക എന്നത്. ഇത്രയും കാലം കൊണ്ട് താന്‍ തന്നെ, സ്വന്തം സ്ഥാപനത്തിന്റെ വസ്തുവഹകളും ഊര്‍ജവും അത് നല്‍കിയ സ്ഥാനമാനവും ദുരുപയോഗം ചെയ്ത് സൃഷ്ടിച്ചെടുത്ത എഴുത്തുകാര പദവിക്ക് ഈ അവാര്‍ഡ് കമ്മിറ്റി അനിഷേധ്യത നല്‍കിയിരിക്കുന്നു. ഇനി 'അദ്ദേഹം' എഴുതാനിരിക്കുന്ന അനവധിയായ കൃതികള്‍ക്ക് വായനക്കാരുടെ മേല്‍ അവിഹിതമായ സ്വാധീനമേല്‍പ്പിക്കാനാകും ഈ അവാര്‍ഡ് വഴി. അതുകൊണ്ട് ഇത്ര വലിയ പാതകം ചെയ്ത വയലാര്‍ അവാര്‍ഡ് കമ്മിറ്റിയെ ഉടന്‍ പിരിച്ചുവിടാന്‍ സാംസ്കാരിക കേരളം അടിയന്തരമായി ആവശ്യപ്പെടണം. മാത്രമല്ല, നല്‍കുന്നയാളുടെയും വാങ്ങുന്നവരുടെയും വിശ്വാസ്യത കളങ്കപ്പെട്ടതിനാല്‍ പത്മപ്രഭ/മാതൃഭൂമി പുരസ്കാരങ്ങളും നിറുത്തിവെക്കാന്‍ സമ്മര്‍ദമുയരണം.


മേല്‍ക്കുറിപ്പുമായി
ബന്ധമില്ലാത്ത
ചില അടിക്കുറിപ്പുകള്‍:


ഇത്തവണ വയലാര്‍ അവാര്‍ഡ് ഏറ്റവും കൂടുതല്‍ കായികാധ്വാനം വേണ്ടി വന്ന കൃതിക്ക്

പുഷ്യരാഗക്കല്ലു പതിപ്പിച്ച നോട്ടുകെട്ടുകള്‍ സമ്മാനമായി നല്‍കുന്ന പുരസ്കാരങ്ങളുടെ അവതാരോദ്ദേശ്യം ഇതാ ഈ നിമിഷം സഫലമായിരിക്കുന്നു, ഇനി ലഭിക്കാനുള്ളവയുടേതും.

മറ്റെല്ലാ കഴിവുകളും നല്‍കി അനുഗ്രഹിച്ചിട്ടും ഇതൊരെണ്ണം മാത്രം ഇതുവരെ വഴങ്ങാതെ നിന്നു. ഒടുവില്‍ ശരീരം കൊണ്ട് നല്ലവണ്ണം അധ്വാനിച്ചു. മറ്റുള്ളവരെക്കൊണ്ട് അതിലേറെ അധ്വാനിപ്പിച്ചു. അങ്ങനെ പലതുള്ളി വിയര്‍പ്പുകളില്‍ നിന്ന് സ്വന്തം ദുര്‍ഗന്ധമുള്ളൊരു ഫലമുണ്ടാക്കിയെടുത്തു, അതിനിപ്പോളൊരു പേറ്റന്റും സംഘടിപ്പിച്ചെടുത്തു.

കോഴിക്കോടു നിന്ന് കിട്ടിയ വിവരം: വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ച നിമിഷം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു സബ് എഡിറ്ററുടെ സെല്‍ഫോണില്‍ അഭിനന്ദനപ്രവാഹം വന്നു നിറഞ്ഞു; ഇത്ര ചെറുപ്പത്തില്‍ വയലാര്‍ അവാര്‍ഡ് നേടിയതിന്.

Friday, October 3, 2008

ബ്ലഡി മാധ്യമം

സുഭാഷ് ചന്ദ്രന്റെ 'ബ്ലഡി മേരി' നല്ല കഥയാണ്. അദ്ദേഹത്തിന്റെ കഥകളുടെ വലിയ സവിശേഷത; ഭാവനയുടെ ഭ്രാന്തമായ സഞ്ചാരം യാഥാര്‍ഥ്യമാകുമ്പോഴുള്ള ഞെട്ടല്‍; ഈ കഥയെയും മികച്ച വായനാനുഭവമാക്കുന്നു. കഥ വായിച്ചു കഴിഞ്ഞപ്പോഴുണ്ടായ ഒരു സംശയം: ഈ കഥ മാധ്യമം ആഴ്ചപ്പതിപ്പ് എന്തുകൊണ്ട് നിരസിച്ചു?
'ബ്ലഡി മേരി' ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുമെന്ന് വലിയ പ്രാധാന്യത്തോടെ മാധ്യമം പരസ്യം ചെയ്തിരുന്നു. കഥയാകട്ടെ,
കവര്‍ സ്റ്റോറിയാകട്ടെ ഒരു മാറ്റര്‍ കമ്മിറ്റ് ചെയ്യുന്നത് ഫോണിലൂടെ എഴുത്തുകാരന്റെ സമ്മതം വാങ്ങിയിട്ടോ അതോ അതിന്റെ ഗുണം നോക്കിയിട്ടോ?

പത്രാധിപസമിതി കമ്മിറ്റ് ചെയ്ത ശേഷമായിരിക്കണമല്ലോ കഥ പരസ്യം ചെയ്തത്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് ഈ കഥ പ്രസിദ്ധീകരിക്കപ്പെട്ടില്ല എന്ന് വ്യക്തമാക്കേണ്ട ബാധ്യത പ്രസിദ്ധീകരണത്തിനുണ്ട്. ഓണപ്പതിപ്പിന്റെ ആരും കാണാത്തൊരു മൂലയില്‍ 'പരസ്യം ചെയ്ത കഥ പ്രസിദ്ധീകരിക്കാനാകാത്തതില്‍ ഖേദിക്കുന്നു' എന്ന്, കൊറിയറുകാരന്‍ എത്തിക്കാന്‍ താമസിച്ചതുകൊണ്ട് എന്നോ മറ്റോ തോന്നിപ്പിക്കുംവിധം, ഒരറിയിപ്പുമാത്രം.

അതിനേക്കാള്‍ ഗൌരവകരമായ പ്രശ്നം ഇതിലുണ്ട്. സദാ നേരവും മീഡിയയുടെ നൈതികതയെക്കുറിച്ച് വയറിളകിക്കൊണ്ടിരിക്കുന്ന ഒരു കോളം ഗുദത്തിന്റെ സ്ഥാനത്ത് ഫിറ്റു ചെയ്താണ് ഈ പ്രസിദ്ധീകരണം ആഴ്ച തോറും ഇറക്കുന്നത്. ഇതേ പ്രസിദ്ധീകരണം ഒരു രചനയുടെ മൂല്യനിര്‍ണയത്തിന് സ്വീകരിക്കുന്ന അത്യന്തം സങ്കുചിതവും പ്രതിലോമകരവുമായ ഉപാധികളെക്കുറിച്ച് ഈ സംഭവം ആശങ്കാജനകമായ മുന്നറിയിപ്പ് നല്‍കുന്നു.
ദൈവനിന്ദ, ലൈംഗിക വര്‍ണന, മതനിഷേധം തുടങ്ങിയ ആശയ/ആവിഷ്കാര രീതികളെ നിഷിദ്ധങ്ങളാക്കി പ്രഖ്യാപിക്കുന്ന എഡിറ്റോറിയല്‍ പോളിസി മാധ്യമത്തിനുണ്ട്. 'ബ്ലഡി മേരി' ഈ പോളിസിയെ ലംഘിക്കുന്ന കഥയല്ല. മാത്രമല്ല, ഇതിനേക്കാള്‍ 'അതിരു'വിടുന്ന വര്‍ണനകളുള്ള നോവലുകളും നീണ്ടകഥകളും മാധ്യമം തന്നെ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പോള്‍ എവിടെയാണ് തകരാറ്?
രചനകള്‍ക്കുമേലുള്ള മാധ്യമത്തിന്റെ മോറല്‍ പോലീസിംഗിന്റെ അതിര് കൂടുതല്‍ സങ്കുചിതവും ഏകാധിപത്യപരവുമായി തീര്‍ന്നിരിക്കുന്നു. ശ്രദ്ധേയനായൊരു കഥാകൃത്തിനെ വായനക്കാര്‍ക്ക് നിഷേധിക്കുന്ന മൌലികാവകാശലംഘനത്തോളം എത്തിയിരിക്കുന്നു അത്.